എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ ഈയാഴ്ച തീരുമാനം

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ ഈയാഴ്ച തീരുമാനം. എ കെ ശശീന്ദ്രനും തോമസ് കെ.തോമസും പി.സി.ചാക്കോയും മുഖ്യമന്ത്രിയെ കാണും. ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയിലെ ധാരണയെ മുഖ്യമന്ത്രിയും അനുകൂലിച്ചാല്‍ ഉടന്‍ സത്യപ്രതിജ്ഞ നടക്കും.

മുംബെയില്‍ കഴിഞ്ഞ ദിവസം ശരത് പവാര്‍ വിളിച്ച ചര്‍ച്ചയിലാണ് ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള ധാരണയുണ്ടായത്. പക്ഷെ അന്തിമ തീരുമാനം പവാറിന് വിട്ടാണ് ചര്‍ച്ച അവസാനിച്ചത്. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് മന്ത്രിസ്ഥാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി കേട്ട് അന്തിമതീരുമാനത്തിലേക്കെത്തെനാണ് നീക്കം. മന്ത്രിസ്ഥാനം വെച്ചുമാറുന്നതിനോട് മുഖ്യമന്ത്രിയും അനുകൂലിച്ചാല്‍ അക്കാര്യം പവാറിനെ എന്‍സിപി നേതാക്കള്‍ അറിയിക്കും. പിന്നാലെ അതിവേഗം തോമസ് കെ തോമസിന്റെ സത്യപ്രതിജ്ഞ.

ശശീന്ദ്രനോട് ഇപ്പോഴും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ട്. തോമസ് കെ തോമസ് മന്ത്രിയായാല്‍ വീണ്ടും വിവാദങ്ങളുണ്ടാക്കുമോ എന്ന പ്രശ്‌നവുമുണ്ട്. ഈ സമയത്തെ മന്ത്രിമാറ്റം രാഷ്ട്രീയമായി എല്‍ഡിഎഫിന് നേട്ടമൊന്നുമില്ല.

അതേ സമയം മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം അതാത് പാര്‍ട്ടികള്‍ക്കായിരിക്കെ പിണറായി എതിര്‍ക്കില്ലെന്നാണ് ചാക്കോയുടെയും തോമസ് കെ തോമസിന്റെയും വിലയിരുത്തല്‍. പവാര്‍ ഇടപെട്ടതോടെ ശശീന്ദ്രന്‍ അയഞ്ഞമട്ടാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ ശശീന്ദ്രന് പകരം പാര്‍ട്ടിയില്‍ പ്രധാന പദവി നല്‍കേണ്ട സ്ഥിതിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *