ഡല്‍ഹി സ്‌ഫോടനം; അന്വേഷണം പുരോഗമിക്കുന്നു

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും.

അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു.രാജ്യത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം രാത്രി വ്യാപക പരിശോധന നടന്നു.

സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഹ്യുണ്ടായി ഐ ട്വന്റി കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പിറക് വശത്ത് നിന്നുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ അടുത്തുള്ള മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊട്ടിത്തെറിച്ച കാറില്‍ ഒന്നിലധികം പേര്‍ ഉണ്ടായിരുന്നെന്നും വലിയ ശബ്ദം കേട്ടെന്നും ദൃക്ഷാക്ഷികള്‍പറയുന്നു. ഹരിയാന രജസിട്രേഷന്‍ വാഹനമാണ് പൊട്ടിത്തെറിച്ചത്.

7:29 ഓടെ തീ നിയന്ത്രണവിധേയമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് എത്തി. അടിയന്തര അന്വേഷണത്തിന് അമിത് ഷാ ഉത്തരവിട്ടു.

പൊട്ടിത്തെറിച്ച ഐ 20 കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. കാര്‍ പലതവണ കൈമറിഞ്ഞെത്തിയതാണ് എന്നാണ് സൂചന. സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലം സുരക്ഷ ശക്തമാക്കി. പാകിസ്ഥാന്‍ – ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.