കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരള സമ്പദ് വ്യവസ്ഥ വളര്‍ച്ചയില്‍; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയില്‍ തുടരുന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായതായും തനത് വരുമാനം കൂടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനം വര്‍ധിപ്പിക്കാനും ചെലവുകള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടിന്റെ പ്രകാരം സംസ്ഥാനത്തിന്റെ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട് (GSDP) 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. മൊത്തം വരുമാനം 1,24,861.07 കോടി രൂപയായി വര്‍ധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് സംസ്ഥാനത്തിന് കൈവരിക്കാനായത്.

സംസ്ഥാനത്തിന്റെ തനത് വരുമാനം 2.7 ശതമാനം വര്‍ധിച്ചു. കൃഷി മേഖലയിലും മത്സ്യ മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൃഷി മേഖല 1.25 ശതമാനത്തില്‍ നിന്ന് 2.14 ശതമാനമായി ഉയര്‍ന്നു. മത്സ്യ മേഖല നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് ഉയര്‍ന്ന് 10.55 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.