സിപിഐയുടെ എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചു

സിപിഐയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ,പിഎം ശ്രീയില്‍ ചേരാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിയമപരമായി തടസങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായത്.

പിഎം ശ്രീ പദ്ധതി ആര്‍എസ്എസ് അജണ്ടയാണെന്ന വാദത്തിലൂന്നി സിപിഐ എതിര്‍പ്പ് തുടരുമ്പോഴും കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 800 കോടിയോളം മുന്‍ വര്‍ഷങ്ങളിലെ കുടിശികയാണ്. 2024-25ല്‍ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്‌കൂളുകള്‍ക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ ആദ്യ രണ്ട് നിബന്ധനകള്‍ വളരെ പ്രസക്തമാണ്. ഒന്നാമത്തെ നിബന്ധന തന്നെ പി എം ശ്രീയുടെ ഭാഗമാകാന്‍ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പിലാക്കണമെന്നാണ്. പിഎം ശ്രീയുടെ ലക്ഷ്യം തന്നെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്നതാണെന്നിരിക്കെ ഫണ്ട് വാങ്ങി നയത്തെ എതിര്‍ക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പ്. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകള്‍ എന്ന് വിളിക്കണമെന്നാണ് രണ്ടാമത്തെ നിബന്ധന. ഇതിനെയും സിപിഐക്കൊപ്പം സിപിഐഎം നേരത്തെ എതിര്‍ത്തിരുന്നു.