ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി രേഖപ്പെടുത്തുന്നു

സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി ദേവസ്വം വിജിലന്‍സ് രേഖപ്പെടുത്തുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. 2019ല്‍ തനിക്ക് കിട്ടിയത് ചെമ്പ് പാളികള്‍ ആണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം.

2019ല്‍ അറ്റകുറ്റപ്പണിക്കായി കൈമാറിയത് ചെമ്പു പാളികള്‍ എന്നാണ് ദേവസ്വം രേഖകളിലും പറയുന്നത്. അങ്ങനെയെങ്കില്‍, 1999-ല്‍ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പത്തിന്റെ അസല്‍ പാളികള്‍ എവിടെയെന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരമില്ല. 2019-ലെ കാര്യം തന്നോട് ചോദിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നാളെ എന്‍എസ്എസ് യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം.