കൂത്തുപറമ്പ് വെടിവെപ്പില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല: എം വി ഗോവിന്ദന്‍

കൂത്തുപറമ്പ് വെടിവെപ്പില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സര്‍ക്കാരാണ്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുന്നത്.
ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ മനസിലായിട്ടില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേത്യത്വം നല്‍കിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പി ജയരാജന്‍ ഡിജിപി നിയമനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. സര്‍ക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനം. പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തിരഞ്ഞെടുത്തതെന്നും അതില്‍ അനാവശ്യ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സി വേണുഗോപാലിന്റെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.