നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നു ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ആണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരുടെ നിര്‍ദേശ പ്രകാരം ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചേക്കും.
കേസിലെ സാക്ഷികളായ ജിന്സണ്, വിപിന്‍ലാല്‍ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം നേരത്തെ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള വധഗൂഡാലോചനക്കേസില്‍ അന്വേഷണം തുടരാന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.