ദിലീപിന് നിര്‍ണ്ണായക ദിനം :
എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: വധഗൂഡാലോചനാക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്. പ്രോസിക്യൂഷന് ഏറെ നിര്‍ണായകമായ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസില്‍ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വച്ചാകും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.