യുവതികളുടെ തിരോധാനം; സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും

ചേര്‍ത്തലയിലെ ദുരൂഹ തിരോധാന കേസുകളില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.

വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മര്‍ദ്ദത്തിലൂടെ സെബാസ്റ്റ്യനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യന്‍ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക വെല്ലുവിളിയാണ്.

ഇന്നലെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.