ഓർഡിനറി സർവ്വീസുകൾ നിർത്തലാക്കുന്നത് ജനദ്രോഹം: എംപ്ലോയീസ് സംഘ്

ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നത് ജനദ്രോഹമായ നടപടിയെന്ന് എംപ്ലോയീസ് സംഘ്.ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെ എസ് ആര്‍ ടി സി യുടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം. ജീവനക്കാരുടെ ശമ്പളത്തിനായി തുക കണ്ടെത്താനായി പെട്രോളിയം കമ്പനികള്‍ക്ക് കുടിശിക വരുത്തി ആസൂത്രിതമായി ഡീസല്‍ ക്ഷാമം സൃഷ്ടിക്കുന്ന നടപടി ദുരുദ്ദേശപരമാണ്. ശമ്പള വിഷയത്തില്‍ ജീവനക്കാരുടെ പ്രതിക്ഷേധ സമരങ്ങളെ പൊതു സമൂഹം ഒന്നടങ്കം പിന്തുണച്ചതിന്റെ പ്രതികാരമായി ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുകയോ, പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യുന്നത് ഒരു ജനകീയ സര്‍ക്കാരിനും ഭൂഷണമല്ല.
ഒന്നുകില്‍ തൊഴിലാളി വിരുദ്ധം, അല്ലെങ്കില്‍ ജനദ്രോഹം എന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ മാസങ്ങളിലെല്ലാം ശമ്പളത്തിനും, ഡീസലിനും സ്ഥാപനത്തിന്റെ മറ്റു പ്രവര്‍ത്തന ചെലവുകള്‍ക്കും അധികമായ തുക വരുമാനമുണ്ടായിട്ടും ജൂലൈ മാസത്തെ ശമ്പളം ഇതേ വരെ നല്‍കാത്തത് നീതിയല്ല. ശമ്പള വിഷയത്തില്‍ കോടതി പരാമര്‍ശങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നുകില്‍ ശമ്പളം അല്ലെങ്കില്‍ ഡീസല്‍ എന്ന സമീപനത്തിലൂടെ യാത്രക്കാരെ ജീവനക്കാര്‍ക്ക് എതിരാക്കാനുള്ള തന്ത്രം വിലപ്പോവില്ല. പൊതുഗതാഗതം ഇല്ലാതാക്കി പൊതുജനത്തെ ബന്ദിയാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യത്തിന് വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കാത്തതിന്റെ പേരില്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാതിരുന്നിട്ടും, സര്‍വീസുകള്‍ ഏകപക്ഷീയമായി നിര്‍ത്തിവച്ച് സ്ഥാപനത്തെ നിശ്ചലമാക്കാനുള്ള സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ല. ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നത് കെ എസ് ആര്‍ ടി സിയുടെ റൂട്ട് കച്ചവടത്തിന്റെ മുന്നോടിയാണെന്ന സംശയം ബലപ്പെടുകയാണ്. *ഇടതുപക്ഷം പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കി കെ എസ് ആര്‍ ടി സിയുടെ 3170 കോടി രൂപയുടെ കടം ഏറ്റെടുക്കാനും, കെ എസ് ആര്‍ ടി സി വാഹനങ്ങളില്‍ നിറക്കുന്ന ഡീസലിന് നികുതി ഒഴിവാക്കിയും, അടിയന്തിര സഹായമായി 400 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചും* കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തി പൊതുഗതാഗത സൗകര്യം പാവപ്പെട്ട ജനങ്ങള്‍ക്ക് തുടര്‍ന്നും ലഭ്യമാകാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം അടിയന്തിരമായി വിതരണം ചെയ്യണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെടുന്നു.