എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ ദിവ്യയുടെ ശ്രമം; വാദങ്ങൾക്ക് ബലം നൽകാൻ ഫോൺ രേഖകളും സിസിടിവി ദൃശ്യവും

കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് പി പി ദിവ്യ. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു.

കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണ്. ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.

എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബർ ആറിന് രാവിലെ 11.10 ന് പ്രശാന്തിനെ എഡിഎം ഫോണിൽ വിളിച്ച് 23 സെക്കൻ്റ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമായിരുന്നു. 12.42 ന് പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ട് പേരും ഒരേ ടവർ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരിൽ കണ്ടുവെന്നതിന് ഇത് തെളിവാണ്. ഇരുവരും തമ്മിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവ് ഉള്ളപ്പോൾ എന്തിന് ദിവ്യയെ സംശയിക്കണമെന്നും പ്രാശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും അഭിഭാഷകൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *