ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ?’; കറുപ്പണിഞ്ഞ് വോട്ടിടാനെത്തി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്ന് പുതുപ്പള്ളി സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിഷേധ സൂചകമായി പോളിംഗ് ബൂത്തിൽ കറുപ്പണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഏറ്റവും വേദനയുള്ള ദിവസമാണ് ഇന്നെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ എന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ ഉമ്മൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം സർക്കാർ വേട്ടയാടി. മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു, സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണിത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസിൽ കേരളത്തിന്റെ മനസിലേറ്റ മുറിവാണ്. ആ വേട്ടയാടൽ ഞങ്ങളോടും മണ്ഡലത്തോടും ഉണ്ട്.
വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഇപ്പോഴും അങ്ങനെ നിൽക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിയിടത്ത് തന്നെ ഇപ്പോഴും നിൽക്കുകയാണ്. പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി.
ശബരിമല സ്വർണക്കൊള്ള മുതൽ നാടിനെ ആകെ ബാധിച്ച പ്രശ്നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാൽ ഇന്നും പലർക്കും പ്രശ്നമാണ്. ഇല്ലാത്ത കഥകളുണ്ടാക്കി മൂന്ന് വർഷക്കാലം വേട്ടയാടി. അതിന് ശേഷം സിബിഐ അന്വേഷണം.
എങ്ങനെയൊക്കൊ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്ത് കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുമോ? കുടുംബത്തെ സംബന്ധിച്ച് ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നത്’ – ചാണ്ടി ഉമ്മൻ പറഞ്ഞു.