കണ്ണൂര്‍ : സ്വര്‍ണക്കടത്തിനു പിന്നാലെ ഡോളര്‍ കടത്തുകേസിലും സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവരടക്കം 6 പ്രതികള്‍ക്ക് 4.90 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയും യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ ഒരു കോടി രൂപയും സ്വപ്ന, ശിവശങ്കര്‍, സന്ദീപ് നായര്‍, പി.എസ്.സരിത് എന്നിവര്‍ 65 ലക്ഷം രൂപ വീതവും അടയ്ക്കണം. ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് ഏഴിന് 1.90 ലക്ഷം ഡോളര്‍ (അന്നത്തെ നിരക്കനുസരിച്ച് 1.30 കോടിയോളം രൂപ) തിരുവനന്തപുരം വിമാനത്താവളം വഴി മസ്‌കത്തിലേക്കു കടത്തിയെന്നാണു കേസ്.
യുഎഇ റെഡ് ക്രസന്റ് സംഘടന ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി ഷൗക്രിക്കു ലഭിച്ച കോഴപ്പണമാണിതെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഉത്തരവിനെതിരെ പ്രതികള്‍ക്കു 2 മാസത്തിനകം കസ്റ്റംസ് എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. പിഴയടച്ചില്ലെങ്കില്‍ ജപ്തി നേരിടേണ്ടിവരും. 6 പ്രതികള്‍ക്കുമെതിരായ കസ്റ്റംസ് കേസ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയും ശിവശങ്കറും അടക്കമുള്ള പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു.