തിരുവനന്തപുരം: കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡണ്ടുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരിലെത്തി കണ്ട് ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഗ്രൂപ്പ് തര്‍ക്കം നടത്തുന്നവര്‍ ഉമ്മന്‍ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്.
ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കോണ്‍ഗ്രസ് പൂനസംഘടന വിവാദത്തില്‍ എ ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ യോജിച്ചു നീങ്ങാന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചു.രമേശ് ചെന്നിത്തല,എംഎം ഹസ്സന്‍,കെസി ജോസഫ് ബെന്നി ബെഹനാന്‍ ,ജോസഫ് വാഴക്കന്‍,എം കെ രാഘവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രൂപ്പുകളുടെ ഐക്യവും പടയൊരുക്കവും സതീശനെതിരെയെന്നാണ് വിലയിരുത്തല്‍.മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സതീശന്‍ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.പുന:സംഘടന പട്ടികയില്‍ അടക്കം ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നത് സതീശന്‍ എന്നാണ് പരാതി.
സോളാറില്‍ സിപിഐ നേതാവ് സി ദിവാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി . പ്രസ്താവനകള്‍ക്കപ്പുറത്ത് വലിയ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പരാതി. ഇടത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
അതേ സമയം സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശം ദിവകാരന്‍ തന്നെ തിരുത്തിയതാണ് വിഷയം കൂടുതല്‍ സജീവമാക്കാതിരുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് അകാരണമായി വേട്ടയാടിയെന്ന് നിലപാട് നിരവധി തവണ വിശദീകരിച്ചതാണെന്നും നേതൃത്വം പറയുന്നു