സീറ്റില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്, ലക്ഷ്യം സർക്കാരിനെ താഴെയിറക്കൽ : എ കെ ആന്റണി

തിരുവനന്തപുരം: ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവർ ആരും വിഷമിക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. ഇത്തവണ മൽസരിക്കാൻ ടിക്കറ്റ് ഇല്ലെങ്കിൽ, നമ്മുടെ ഗവൺമെന്റ് വരുമ്പോൾ എല്ലാവർക്കും എന്തെങ്കിലും അവസരം ഉണ്ടാകും. അതുകൊണ്ട് സീറ്റ് കിട്ടിയില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്. നമുക്ക് കേരളത്തിൽ വേണ്ടത് ആരും എംഎൽഎയോ മന്ത്രിയോ ആകുക എന്നതല്ല, മറിച്ച് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കുക എന്നതാണ്. പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അന്തസായി, ധൈര്യമായി നിങ്ങൾക്ക് അർഹമായത് ചോദിക്കാൻ കഴിയുമെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു. വീക്ഷണം സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ പാർട്ടി യോഗങ്ങളിൽ രണ്ട് സ്ഥാനാർഥികൾ ഉണ്ടാകുമ്പോൾ തന്നെ വലിയ തർക്കമായിരുന്നു. ഇന്ന് ഒബ്സർവർമാരും മറ്റും വന്ന് സ്ഥാനാർഥികളെ നിശ്ചയിക്കുന്ന രീതിയിലേക്ക് മാറി. സ്ഥാനാർഥികൾ ആരെന്നത് നോക്കാതെ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. ഈ അവസരത്തിൽ ഒരു കാര്യം ഓർമിപ്പിക്കാം. 1977-ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടിയത്. 133-ൽ 115 സീറ്റും അന്ന് നമ്മൾ നേടി. അതിൽ ഏറ്റവും വലിയ വിജയം നേടിയത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിലെ മുഴുവൻ നിയമസഭാ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു.

എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ പ്രഗത്ഭനായ തച്ചടി പ്രഭാകരന് സീറ്റ് ഉണ്ടായിരുന്നില്ല. 1970-കളിൽ പാർട്ടിക്ക് വേണ്ടി വലിയ ത്യാഗം സഹിച്ച, കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ പാടുപെട്ട നേതാവായിരുന്നു തച്ചടി. ആലപ്പുഴയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നിട്ടും 77-ൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. പകരം തൃശൂർക്കാരനായ വി.എം സുധീരനെയാണ് ആലപ്പുഴയിൽ സ്ഥാനാർഥിയാക്കിയത്. സീറ്റ് നിഷേധിക്കപ്പെട്ടത് ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ച തീരുമാനമായിരുന്നു. എല്ലാവരിലും നിരാശയും വേദനയും പ്രതിഷേധവും ഉണ്ടായി. പക്ഷെ, തച്ചടി പ്രഭാകരൻ അന്ന് എടുത്ത നിലപാട് ചരിത്രമാണ്. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും പാർട്ടി ജയിക്കണമെന്ന വാശിയോടെ അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ പ്രവർത്തിച്ചു. തനിക്ക് പകരമെത്തിയ വി.എം സുധീരനെയും മറ്റ് സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത തച്ചടി പ്രഭാകരനെ കാലം കൈവിട്ടില്ല. 1980-ൽ കായംകുളത്ത് നിന്ന് അദ്ദേഹം സ്ഥാനാർഥിയായി. മൂന്നു വർഷം കഴിഞ്ഞ് അദ്ദേഹം കേരളത്തിന്റെ ധനകാര്യ മന്ത്രിയായി. കോളജിൽ പോകാത്ത തച്ചടി പ്രഭാകരൻ കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിമാരിൽ ഒരാളായി മാറി. ഇന്ന് കാണുന്ന ആലപ്പുഴ – ചങ്ങനാശേരി റോഡിലെ പാലങ്ങളെല്ലാം അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ പണിതതാണ് -ആന്റണി പറഞ്ഞു.

അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോൾ ടിക്കറ്റ് ലഭിക്കാത്ത സുഹൃത്തുക്കൾ തച്ചടി പ്രഭാകരനെ മാതൃകയാക്കണം. ഇത്തവണ ടിക്കറ്റ് ഇല്ലെങ്കിൽ അടുത്ത തവണ കിട്ടും. ടിക്കറ്റ് ഇല്ലെങ്കിലും നമ്മുടെ ഗവൺമെന്റ് വരുമ്പോൾ എന്തെങ്കിലും അവസരം ഉണ്ടാകും. ആരും മാറിനിൽക്കരുത്. നമുക്ക് കേരളത്തിൽ വേണ്ടത് ആരും മന്ത്രിയാകുക എന്നതല്ല, പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കുക എന്നതാണ്. ഈ രാജ്യത്ത് വർഗീയത വളർത്താൻ ശ്രമിക്കുന്ന ബിജെപിയെ ദുർബലമാക്കണം. അതാണ് പ്രധാനം. ആര് എംഎൽഎ, ആര് മന്ത്രി, ആര് മുഖ്യമന്ത്രി എന്നതല്ല പ്രശ്നം. അവസരം കിട്ടാത്തവരെ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കെപിസിസിയും പുതിയ മന്ത്രിസഭയും പരിഗണിക്കുമെന്ന് താൻ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.