തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യയില്‍ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ ഡോക്ടർ റുവൈസിനെ പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണ് പ്രതി ചേർത്തത്. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് നടന്ന സംസാരത്തില്‍ ഭീമമായ തുക റുവൈസ് സ്ത്രീധനം ചോദിച്ചിരുന്നെന്നും അത് നൽകാത്തതിനെ തുടർന്ന് പിന്മാറിയെന്നും ഷഹാനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു.ഷഹാനയുടെ ആത്മഹത്യയ്ക്കു പിന്നാലെ റുവൈസിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നായിരുന്നു അറിയിപ്പ്.
തിങ്കളാഴ്ചയാണു താമസസ്ഥലത്തു ഷഹാനയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്എന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. വിവാഹാലോചനയുമായി എത്തിയ സുഹൃത്തായ ഡോ.റുവൈസിന്റെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചു. ഇത് കൊടുക്കാന്‍ കഴിയാത്തതോടെ ഷഹാന ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് കുടുംബം പറയുന്നത്.