തിരുവനന്തപുരം:യുദ്ധത്തിൽ ഇരയായവർക്ക് ചികിത്സയ്ക്കായി മലയാളി ഡോക്ടർ ഉക്രയ്നിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ട്രോമ ആൻഡ് ഓർത്തോപീഡിക് വിഭാഗത്തിലെ പ്രൊഫസറും മുൻ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. സന്തോഷ്കുമാറാണ് “ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി യുദ്ധമേഖലയിലേക്ക് പോകുന്നത്. സംഘടനയുടെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ദുബായ്–- പോളണ്ട് വഴിയാകും യാത്ര. ഇറാഖ്, അഫ്ഗാനിസ്ഥാൻ, യമൻ, ലിബിയ, സിറിയ എന്നിവിടങ്ങളിൽ യുദ്ധസമയം പ്രവർത്തിച്ചിട്ടുണ്ട്. “ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് ഉക്രയ്നിലേക്ക് പോകുന്നത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തലവനായുള്ള നിയോഗം ഏറെ അഭിമാനം നൽകുന്നതാണ്. ഉക്രയ്നിൽ സജ്ജമാക്കുന്ന ആശുപത്രിയിലാകും രണ്ടുമാസത്തെ പ്രവർത്തനം.