കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റും കേസേടുത്ത് അന്വേഷണം തുടങ്ങി. കൊച്ചിയിലെ കരിമണൽ കന്പനിയായ സിഎം ആർ എല്ലും മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകൾ കളളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് കേന്ദ്ര ഏജൻസിക്ക് ലഭിച്ച നിയമോപദേശം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി വിജയന്‍റെ മകൾക്കെതിരായ ഇ ഡി അന്വേഷണം, മറ്റൊരു രാഷ്ടീയ പോർമുഖം കൂടിയാണ് തുറക്കുന്നത്. മാസപ്പടിയിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. പ്രതിപക്ഷ കക്ഷി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റിന് ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുന്നു എന്ന ആരോപണത്തിനിടെയാണ് പുതിയ നീക്കം.
പിണറായിലെ വിജയന്‍റെ മകൾക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട് അഥവാ ഇ സി ഐ ആർ ആണ് രജിസ്റ്റർ ചെയ്തത്. വീണാ വിജയനും അവരുടെ സോഫ്ട്വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കന്പനിയായ സിഎം ആർ എല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി കൊച്ചി ഓഫീസിന്‍റെ നടപടി. വീണ വീജയൻ, എക്സാലോജിക് കന്പനി, സിഎം ആർ എൽ, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിൽ ഉളളത്. സിഎം ആർ എല്ലുമായുളള സാന്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാന്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.
എന്നാൽ ഇല്ലാത്ത സേവനത്തിന് വീണയുടെ കന്പനി പണം വാങ്ങിയത് കളളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സി എം ആർ എല്ലിന്‍റെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിന്‍റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ അടുത്ത പടിയായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടും. സഹകരിച്ചില്ലെങ്കിൽ റെയ്‍ഡ് ചെയ്ത് പിടിച്ചെടുക്കും. തുടർന്നാകും ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ സ്വത്തുക്കൾ മരവിപ്പിക്കുന്നതടക്കമുളള നടപടികളിലേക്ക് എൻഫോഴ്സ്മെന്‍റിന് കടക്കാം.