തോമസ് ഐസക്കിനെ മസാലബോണ്ടില്‍ വീണ്ടും ചോദ്യം ചെയ്തേക്കും ഇഡി

കൊച്ചി: കിഫ്ബി മസാല ബോണ്ട് അടഞ്ഞ അധ്യായമാക്കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ ഇഡി ഒരുങ്ങുന്നതായി സൂചന. നിയമോപദേശം തേടിയ ശേഷമാകും പുതിയ സമന്‍സ് നല്‍കുക.
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളിലെ തുടര്‍നടപടികള്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. അയച്ച സമന്‍സുകള്‍ പിന്‍വലിക്കുമെന്ന് ഇഡി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. ഇതിന്റെ ചുവടുപിടിച്ചാണ് മസാല ബോണ്ടില്‍ അന്വേഷണം തുടരാനുള്ള തീരുമാനം. തോമസ് ഐസക്കിന് പുറമേ കിഫ്ബി സി.ഇ.ഒ. കെ.എം. അബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ് എന്നിവരെയും വിളിപ്പിച്ചേക്കും.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡി ആരോപണം. വിദേശത്തുനിന്നും മസാലബോണ്ട് വഴി ധനസമാഹരണം നടത്തിയപ്പോള്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നില്ല. മസാലബോണ്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം വന്നത്.