ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം ഏപ്രിൽ 2023 മുതൽ, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ വർദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയിരിക്കുന്നത്.