തിരു.മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധി; ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷന്‍ പുനരാരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങള്‍ സംഭാവന നല്കി. ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാര്‍ട്ട് എന്ന വിതരണക്കമ്പനിയില്‍ നിന്നും ഇന്ന് ഉപകരണങ്ങള്‍ എത്തിക്കും. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗികളെ വീണ്ടും അഡ്മിറ്റ് ചെയ്തു തുടങ്ങി.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണത്തിനാണ് ക്ഷാമം നേരിട്ടത്. ചെന്നൈയിലെ കമ്പനിയുമായി ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെടാനും ആലോചിക്കുന്നുണ്ട്. ശസ്ത്രക്രിയ ഉപകരണം രോഗികളില്‍ നിന്ന് പിരിവിട്ട് വാങ്ങുന്നതായി വകുപ്പ് മേധാവി ഡോക്ടര്‍ ഹാരിസ് ഹസന്‍ വെളിപ്പെടുത്തിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയപ്പോള്‍ രോഗികളില്‍ നിന്ന് പിരിവ് പാടില്ലെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ ശസ്ത്രക്രിയകളും അഡ്മിഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചു. 29 കോടി നല്‍കാന്‍ ഉള്ളതിനാല്‍ സ്ഥിരം വിതരണ കമ്പനികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്