എറണാകുളം ലോക്സഭാ മണ്ഡലം പിടിക്കാന്‍ തലപുകച്ച് സിപിഎം

കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലം പിടിക്കാന്‍ സ്ഥാനാര്‍ത്ഥിക്കായി തലപുകച്ച് സിപിഎം. ശക്തമായ മത്സരത്തിന് ലത്തീന്‍ സഭയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ തേടുകയാണ് സിപിഎം. കെവി തോമസും,കൊച്ചി എംഎല്‍എ കെ.ജെ മാക്‌സിയുമാണ് ഇടത് നിരയില്‍ സഭാ പിന്തുണയുള്ള നേതാക്കള്‍. മത്സരിക്കാനില്ലെന്ന് കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഏഴ് നിയമസഭാ സീറ്റുകളില്‍ എറണാകുളം, തൃക്കാക്കര, പറവൂര്‍, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങള്‍ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവുമാണ്.

എറണാകുളം മണ്ഡലത്തില്‍ 2009ന് ശേഷം ഓരോ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് കരുത്ത് കൂട്ടുന്ന നിലയായിരുന്നു. കഴിഞ്ഞ തവണ ഹൈബി ഈഡന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1991ന് ശേഷം ആദ്യമായി സിപിഎം ക്രൈസ്തവ സഭക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ തെരഞ്ഞെടുപ്പില്‍ 169053 വോട്ടിന്റെ വ്യത്യാസത്തിലാണ് ഹൈബി ഈഡനോട് പി രാജീവ് കനത്ത തോല്‍വി ഏറ്റുവാങ്ങിയത്. ഹൈബി ഈഡന്‍ 4,91,263 വോട്ട് നേടി. പി.രാജീവ് 3,22,110 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 137749 വോട്ടാണ് നേടാനായത്.

2019 ലെ അനുഭവം മുന്നിലുള്ളതിനാല്‍ ലത്തീന്‍ സമുദായത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് സിപിഎം. കൊച്ചി എംഎല്‍എ കെജെ മാക്‌സിക്ക് മണ്ഡലത്തിലെനാലില്‍ രണ്ട് ലത്തീന്‍ രൂപതകളുടെ പിന്തുണ സിപിഎം ഉറപ്പിക്കുന്നു. ഇല്ലെങ്കില്‍ പ്രൊഫ കെവി തോമസിനാവും പാര്‍ട്ടി പരിഗണന. എന്നാല്‍ കെവി തോമസ് മത്സരിക്കാനില്ലെന്ന നിലപാടിലാണ്. എല്‍ഡിഎഫില്‍ ലത്തീന്‍ സഭ സ്ഥാനാര്‍ത്ഥി വന്നില്ലെങ്കില്‍ പിന്നെ സാധ്യത മേയര്‍ എം അനില്‍കുമാറിനാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി സാധ്യത കൂടുതല്‍ അനില്‍ ആന്റണിക്കാണ്.

 

Leave a Reply

Your email address will not be published. Required fields are marked *