ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് ദേവസ്വം ബോര്‍ഡും മന്ത്രിയും: വിഡി സതീശന്‍

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോര്‍ഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോറ്റി കുടുങ്ങിയാല്‍ ഇവരെല്ലാവരും കുടുങ്ങും. അതിനാല്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദില്ലിയില്‍ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവര്‍ക്കും അറിയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, പിണറായി വിജയനെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്നും ചോദിച്ചു. പ്രതിപക്ഷത്തെ കബളിപ്പിച്ചാല്‍ മനസ്സിലാക്കാം. ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു. ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സിപിഐ മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ മൗനം അവലംബിച്ചു. എംഎ ബേബി വിധേയനെ പോലെ നില്‍ക്കുകയാണ്. സീതാറാം യെച്ചൂരി ആയിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.