ഫോട്ടോ കണ്ടാൽ കോൺഗ്രസുകാർക്ക് പോലും തിരിച്ചറിയാത്തവർ വേണ്ട; കെപിസിസി നേതൃമാറ്റത്തിനെതിരെ ആലുവയിൽ വ്യാപക പോസ്റ്റർ

ആലുവ: കെപിസിസി നേതൃമാറ്റത്തിനെതിരെ ആലുവയിൽ വ്യാപക പോസ്റ്റർ പ്രചരണം. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് എഴുതിയ പോസ്റ്ററാണ് വിവിധ ഇടങ്ങളിൽ പതിച്ചിരിക്കുന്നത്.

സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ. ആലുവ പ്രെെവറ്റ് ബസ്റ്റാന്റ്, പമ്പ് കവല, താലൂക്ക് ഓഫീസ്, കമ്പനിപ്പടി, മുട്ടം, കളമശ്ശേരി എന്നീ പ്രദേശങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കെ സുധാകരൻ കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായത്.ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സുധാകരൻ കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള വിസമ്മതം തുറന്നുപറഞ്ഞു. ‘തുടരണമെങ്കിൽ തുടരും, മാറാൻ പറഞ്ഞാൽ അനുസരിക്കും.

എന്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനം എന്നെ വിശ്വാസത്തിലെടുത്തായിരിക്കും. ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ല’- സുധാകരൻ വെളിപ്പെടുത്തി.പത്തനംതിട്ട എം പി ആന്റോ ആന്റണിക്കായി ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. പുനഃസംഘടനയുടെ ഫലം ലഭിക്കാൻ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തും മാറ്റം അനിവാര്യമാണെന്നാണ് ചില നേതാക്കളുടെ നിലപാട്.

ഇവർ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്‌ച. പാർട്ടിയുടെ നില പരുങ്ങലിലാണെന്ന പരാതിയും രാഹുൽ ഗാന്ധിക്ക് ലഭിച്ചിരുന്നു.പുതിയ അദ്ധ്യക്ഷനെ നിയമിച്ചാൽ സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനം നൽകിയേക്കും. അദ്ധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി, സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ട്. വയനാട് എം പി പ്രിയങ്ക ഗാന്ധി ആന്റോ ആന്റണിയെ പിന്തുണയ്‌ക്കുന്നതായുള്ള സൂചനകളും വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *