മെഡിക്കല്‍ കോളജില്‍ സര്‍ജറി കഴിഞ്ഞാല്‍ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല: വിഡി സതീശന്‍

മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ജറി കഴിഞ്ഞാല്‍ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല. മരുന്ന് സപ്ലൈ കമ്പനികള്‍ നിര്‍ത്തി, അവര്‍ക്ക് സര്‍ക്കാര്‍ കോടികള്‍ കൊടുക്കാനുണ്ട്.

ആരോഗ്യ രംഗത്ത് നടക്കുന്നത് തീവട്ടിക്കൊള്ള. ഡോക്ടര്‍ ഹാരിസ് ഉന്നയിക്കുന്നതിന് മുന്‍പ് പ്രതിപക്ഷം ഈ വിഷയം പറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രി ആളുകളെ തെറ്റുധരിപ്പിക്കരുത്. ആരോഗ്യ മേഖലയില്‍ PR ഏജന്‍സിയെ വെച്ച് പ്രോപഗണ്ടയുണ്ടാക്കിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നത്. കൊവിഡ് മൂലം മരിച്ച 25000 പേരുടെ വിവരങ്ങള്‍ പുറത്ത് വന്നു. സര്‍ക്കാര്‍ ഈ കണക്ക് മറച്ചുവെച്ചു. പി കെ ബിജു കൊവിഡ് മൂലം മരിച്ചു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ പി കെ ബിജുവിന്റെ മരണം കൊവിഡ് മൂലമല്ലെന്നും വരുത്തിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം ഡിജിപി നിയമനത്തില്‍ റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്നാണ് കെ സി വേണുഗോപാല്‍ ആരോപിക്കുന്നത്. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിന്‍ അഗര്‍വാളിനെയും തഴഞ്ഞ് റവാടാ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാല്‍ ഉയര്‍ത്തുന്നത്.

കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ സി, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരുമായുള്ള രണ്ടാം ഡില്‍ ആണിതെന്നും വേണുഗോപാല്‍ ആരോപിച്ചു. റവാഡ മോശക്കാരനാണെന്ന് അഭിപ്രായമില്ല. മുന്‍ നിലപാട് തെറ്റായിപ്പോയെന്ന് പറയാന്‍ സിപിഎം ആര്‍ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.