സംസ്ഥാനത്ത് ലഹരിവസ്തുക്കൾ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാൻ എക്‌സെെസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കൾ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാൻ എക്‌സെെസ്. അബ്കാരി, എൻഡിപിഎസ് നിയമങ്ങൾ പ്രകാരം കസ്റ്റഡിയിലെടുക്കുകയും വില്പനയ്ക്ക് കോടതിയുടെ അനുമതിലഭിച്ചതുമായ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. വിവിധ സർക്കിൾ, റേഞ്ച് ഓഫീസുകൾ, പൊലീസ് സ്റ്റേഷൻ വളപ്പുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന 2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പന നടത്തുന്നത്. ഏകദേശം 595 വാഹനങ്ങൾ വില്പനയ്ക്ക് ഉണ്ടെന്നാണ് വിവരം.

ആഡംബര കാറുകൾ, ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, ബെെക്ക്, സ്കൂട്ടർ തുടങ്ങിയവയാണ് ഏറെയും. എൻജിൻ നമ്പറും മതിയായ രേഖകളും ലഭ്യമല്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് വില കണക്കാക്കിയാവും വിൽക്കുക. വാഹനങ്ങളിൽ പലതും ലഹരി കടത്താനായി രഹസ്യ അറകളും ഘടനയിൽ മാറ്റം വരുത്തിയവയുമാണ്. ഇത്തരം രഹസ്യ അറകളും ഘടനകളും നീക്കം ചെയ്യമെന്ന് കരാർ ഉണ്ടാക്കിയശേഷമേ വാഹനം വില്പന നടത്തൂ. ഇതിനുള്ള ചെലവും വാഹനം വാങ്ങുന്നവർ വഹിക്കണം. നികുതി കുടിശ്ശികയുള്ള വാഹനങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്.