സിനിമ കാണുന്നതിനിടെ ലാപ്ടോപ്പില്‍ വ്യാജ സന്ദേശം, 16കാരന് ജീവനൊടുക്കി

കോഴിക്കോട് : നിയമനടപടി നേരിടുമെന്ന് വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16കാരന് ജീവനൊടുക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരിലാണ് വ്യാജ സന്ദേശം ലഭിച്ചത്. ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33000രൂപ അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പേരില്‍ സന്ദേശമെത്തിയത്. ചേവായൂര്‍ സ്വദേശി ആദിനാഥാണ് തുടര്‍ന്ന് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിന് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു.
കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് വ്യാജ സന്ദേശത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഒരു വെബ്സൈറ്റില്‍ നിന്ന് വന്ന പൊലീസിന്റെ സന്ദേശത്തില്‍ കേസുണ്ടെന്നും പിഴയടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉണ്ടായിരുന്നു. എന്നാല്‍ ലാപ്ടോപ്പില്‍ സിനിമ കണ്ടതല്ലാതെ തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും കുട്ടിയുടെ കത്തിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.പൊലീസ് വീട്ടിലെത്തി കുട്ടിയുടെ ലാപ്ടോപ്പ് പരിശോധിച്ചു. ലാപ്ടോപ്പ് ഓഫായിരുന്നില്ല. ഇതില്‍ ഒരു വെബ്സൈറ്റില്‍ ലാപ്ടോപ്പ് ലോക്ക് ചെയ്യപ്പെട്ടുവെന്നും പിഴയടച്ചില്ലെങ്കിലും ലാപ്ടോപ്പ് അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചാലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്നും എഴുതിയിരുന്നു. വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവരുമെന്നടക്കം വ്യാജ സന്ദേശത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. ചേവായൂര്‍ പൊലീസും സൈബര്‍ പൊലീസും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്.