രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി വ്യാജ പോക്സോ കേസ് കൂടിവരും; രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നാമത്തെ ലൈംഗികപീഡന പരാതിയിൽ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. പൊലീസിന്റെ ദുരുപയോഗമാണ് ഈ പരാതിയിൽ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് എംഎൽഎയ്ക്കെതിരെ വ്യാജ പോക്സോ കേസ് കൂടി വരുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

മൂന്നാമത്തെ പരാതിയെന്നുപറയുമ്പോൾ തോന്നും ആദ്യത്തെ രണ്ടുപരാതി ശരിയാണെന്ന്. ഈ പരാതിക്കാരികൾ ആരാണെന്നുപോലും ആർക്കും അറിയില്ല. അങ്ങനെ അറിയരുതെന്നാണല്ലോ നിയമം. രണ്ടാമത്തെ പരാതിയിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചതാണ്. ഒന്നാമത്തെ പരാതിയിൽ പീഡനം നിലനിൽക്കില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. യഥാർത്ഥത്തിൽ പൊലീസിന്റെ ദുരുപയോഗമല്ലേ കാണുന്നത്. ആ രണ്ടുപരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേർത്ത് മൂന്നാമതൊരു പരാതി കൂടിയിട്ടു.

തിരഞ്ഞെടുപ്പിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു വ്യാജ പോക്‌സോ കേസ് കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്. രാഹുലിനെതിരെ ശക്തമായ തെളിവുകൾ കൊടുത്തിട്ടുണ്ടെന്ന് ഞാൻ ചില മാദ്ധ്യമങ്ങളിൽ കണ്ടു. ഇത്തരത്തിൽ പൊലീസ് ദുരുപയോഗം ചെയ്യുകയല്ലേ. ഇതിന്റെ മറ്റൊരു വെർഷനല്ലേ നോർത്ത് ഇന്ത്യയിൽ സിദ്ദിഖ് കാപ്പനെ ഒന്നര വർഷം ജയിലിട്ടപ്പോഴും കണ്ടത്. നാളെ എന്റെ ജാമ്യം റദ്ദാക്കണമെന്ന് പറഞ്ഞ് പൊലീസ് കോടതിയിൽ പോകുകയാണ്.ഇത് സിപിഎമ്മുകാരോടുള്ള അഭ്യർത്ഥനയാണ്.

എല്ലാ കാലത്തും സിപിഎം ആയിരിക്കില്ലല്ലോ അധികാരത്തിൽ വരാൻ പോകുന്നത്. പാർട്ടികൾ മാറും. നമ്മുടെ നാട്ടിൽ എത്രയോ അനീതികൾ നടക്കുന്നു. നാളെ നമുക്കെതിരെയും ഇതുപോലുള്ള പരാതികൾ വരില്ലേ. ആളുകളിൽ നിന്ന് പരാതി എഴുതിവാങ്ങാൻ പൊലീസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇന്നലെ രാത്രി കിട്ടിയ പരാതിയിൽ ഇത്രമാത്രം തെളിവുകൾ എവിടെ നിന്ന് കിട്ടി? രാഹുൽ മാങ്കൂട്ടത്തിലിനെ കുടുക്കിയത് വലിയ വിജയമായി ആരും കാണരുത്.

നാളെ ഏതെങ്കിലും ഒരു സിപിഎം നേതാവിനെയും ഇതുപോലെ കുരുക്കില്ലേ? പൊലീസ് അർദ്ധരാത്രി പോയി രാഹുലിനെ അറസ്റ്റ് ചെയ്തത് വിജയമല്ല. ആരെയും ഇങ്ങനെ കുടുക്കാൻ കഴിയും. ഇത് ഇലക്ഷൻ ഡിഫൻസ് ക്യാംപയിനാണ്. ലൈംഗിക പീഡന പരാതി വന്നപ്പോൾ മുകേഷ് എംഎൽഎയെ ഞാൻ മാത്രമാണ് പിന്തുണച്ചിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ നാളെ കുറ്റക്കാരൻ ആണെങ്കിൽ പൂർണമായും തള്ളിപ്പറയും’- രാഹുൽ ഈശ്വർ പറഞ്ഞു