സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം

സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം.ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരം നടത്തുന്നത്. വീട് വെക്കാന്‍ തറ കെട്ടിയപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തകര്‍ത്തെന്നാണ് പരാതി. രാവിലേ 10.50 ഓടെയാണ് റിയാസും കുടുംബവും ജില്ല കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. ഭാര്യയേയും കുട്ടികളെയും കൂട്ടിയായിരുന്നു സമരം.
വീട് കെട്ടാനായി റിയാസ് കെട്ടിയ തറ സല്‍മാന്‍ ഫാരിസ്, സുബൈര്‍, അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ത്ത് തകര്‍ത്തതായി ജനുവരി 17ന് റിയാസ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം പരാതി പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.ശശികുമാര്‍ പ്രതികരിച്ചു. സമരം രാഷ്ട്രീയ പ്രേരിതമെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതിനിടെ ജില്ലാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചതായി റിയാസ് അറിയിച്ചു.