ചിരിയുടെ ആശാന് വിട; നടൻ സലിം കുമാർ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 57 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: സുനിത, നടൻ ചന്തു , ആരോമൽ എന്നിവർ മക്കളാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട് എന്ന’ ചിത്രത്തിലെ നായക കഥാപാത്രത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

1969 ഒക്ടോബർ 9ന്എറണാകുളം ജില്ലയിലെവടക്കൻ പറവൂരിൽഗംഗാധരൻകൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു. വടക്കൻ പറവൂരിലുള്ള ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിലും ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.പിന്നീട് മാല്യങ്കര എസ്എൻഎം കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനശേഷം എറണാകുളം മഹാരാജാസ് കോളേജിൽനിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

സലിം കുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത്‌ കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു.പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘

ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡ‍ിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.