മരിച്ചത് കിസാന്‍സംഘ് ജില്ലാപ്രസിഡന്റ് പ്രസാദ്
കുട്ടനാട്ടില്‍ കടബാദ്ധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. തകഴി സ്വദേശിയും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദാണ് (55) ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കൃഷി ആവശ്യത്തിന് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പി ആര്‍ എസ് വായ്പ കുടിശ്ശിക ഉള്ളതിനാല്‍ ലോണ്‍ കിട്ടിയില്ല. ഇതില്‍ മനംനൊന്താണ് പ്രസാദ് ജീവനൊടുക്കിയത്.
കിസാന്‍ സംഘ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. താന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാണെന്നും കുറേ ഏക്കറുകള്‍ കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തുവെന്നും അദ്ദേഹം സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ ലോണ്‍ ചോദിച്ചു. പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് ബാങ്ക് പറഞ്ഞു. എന്തു പറയാനാണ്, ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. ഇരുപത് കൊല്ലം മുമ്പ് മദ്യപാനം നിര്‍ത്തിയതായിരുന്നു. എന്നാല്‍ വീണ്ടും തുടങ്ങി. ഞാന്‍ പരാജയപ്പെട്ടുപോയവനാ, നിങ്ങള്‍ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്യണം. എന്റെ നെല്ല് സര്‍ക്കാരിന് കൊടുത്തു, ഞാനിപ്പോള്‍ കടക്കാരനാ.നില്‍ക്കാന്‍ വേറെ മാര്‍ഗമില്ലെന്നാണ് പ്രസാദ് ഫോണില്‍ പറയുന്നത്.പൊലീസ് പ്രസാദിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പേജുള്ള കുറിപ്പ് ആരംഭിക്കുന്നത്.താന്‍ വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണമാണ് പി ആര്‍ എസ് വായ്പയായി നല്‍കിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തിയതിനാലാണ് പുതിയ വായ്പ ബാങ്കുകള്‍ നല്‍കാത്തത്. ഇതിന്റെ മനോവിഷമം മൂലമാണ് താന്‍ ജീവനൊടുക്കുന്നത്. അതിനാല്‍ത്തന്നെ തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.