തിരുവനന്തപുരം∙ മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുമെന്നു പേടിച്ച് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലെ വെളിച്ചം കെടുത്തി പൊലീസ്. മുന്നിൽ നിന്നു വേദിയിലേക്കു ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ മുൻകൂട്ടിയെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയ പൊലീസ് സംഘം അനുവദിച്ചില്ല. വേദിക്കു പിന്നിൽ നിന്നു മുന്നിലേക്കു ക്രമീകരിച്ചിരുന്ന വെളിച്ചം കുറഞ്ഞ ലൈറ്റുകൾ മാത്രം മതിയെന്നായിരുന്നു നിർദേശം. ഇതോടെ അരണ്ട വെളിച്ചത്തിലായിരുന്നു ഉദ്ഘാടന വേദിയിലെ പരിപാടികൾ. നവകേരള സദസ്സിനിടെ ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്തെ സമ്മേളനത്തിൽ വെളിച്ചം മുഖത്തടിച്ചതിനെതിരെ മുഖ്യമന്ത്രി അസ്വസ്ഥനായി വേദിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.
ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണിതെന്നും നമ്മളെ വെട്ടത്തു നിർത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സദസ്സിലേക്കുള്ള ലൈറ്റ് കെടുത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഉദ്ഘാടന വേദിയിൽ അമിതമായ കരുതലോടെയുള്ള പൊലീസ് ഇടപെടൽ. എഴുതി തയാറാക്കിയ പ്രസംഗം മുഖ്യമന്ത്രിക്കു വായിക്കാനായി പോഡിയത്തിൽ പ്രത്യേകം ലൈറ്റ് ക്രമീകരിച്ചിരുന്നു. തലസ്ഥാനത്ത് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് മൂളിയതിനെ തുടർന്ന് കേസെടുത്തതും മൈക്ക് സൈറ്റ് കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലെല്ലാം മുൻകൂട്ടിയുള്ള മൈക്ക് പരിശോധനയും കർശനമാണ്.