പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല; പരാമര്‍ശത്തില്‍ സാന്ദ്രയ്‌ക്കെതിരെ കേസ്

നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ കോടതിയെ സമീപിച്ച് ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറയുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ എറണാകുളം സബ് കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷക ശ്രുതി ഉണ്ണിക്കൃഷ്ണന്‍ മുഖേനയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്രാ തോമസ് സംസാരിച്ചതാണ് ഇപ്പോഴത്തെ മാനനഷ്ടക്കേസിന് ആധാരം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമര്‍ശം. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങല്ല അവര്‍ ചെയ്യുന്നത്. അതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവര്‍. ഇതുകേള്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ തനിക്കെതിരെ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്‌ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂ എന്ന് താന്‍ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *