വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വ്യാഴാഴ്ച കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ്.
മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. “ഞാനൊരിക്കൽ പോലും വിചാരിച്ചതല്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്’ – മോഹൻലാൽ പറഞ്ഞു.