എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവില്‍ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും. എഡിജിപിയുടെ വാദങ്ങള്‍ തള്ളി ഡിജിപി റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തില്‍ മാത്രം ഒതുങ്ങിയെന്നതാണ് ശ്രദ്ധേയം.

എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റികൊണ്ടെന്ന് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ്. ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുമ്പോള്‍ പകരം ഇന്റലിന്‍ജ് എഡിജിപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും.

അതേസമയം, നിലവില്‍ സായുധ പൊലീസ് ബറ്റാലിയന്റെയും ക്രമസമാധാനത്തിന്റെയും ചുമതലയായിരുന്നു അജിത് കുമാര്‍ വഹിച്ചിരുന്നത്. ഇതില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റം എന്ന് പറയുമ്പോഴും ബറ്റാലിയന്‍ ചുമതല നേരത്തെ തന്നെ അജിത് കുമാര്‍ വഹിച്ചിരുന്ന ചുമതലയാണ്. അജിത് കുമാര്‍ കൈവശം വച്ചിരിരുന്നു ഒരു വകുപ്പ് മാത്രം മാറ്റിയെന്ന അഡ്‌ജെസ്‌മെന്റ് നടപടിയില്‍ ഒതുങ്ങിയെന്നാണ് ആരോപണം.

സ്ഥാനകയറ്റത്തിന് മാസങ്ങള്‍ മാത്രമുള്ള എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല തല്‍ക്കാലം നല്‍കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെ പൂര്‍ണമായും കൈവിടാതെയാണ് ഒരു ചുമതല മാത്രം മാറ്റികൊണ്ടുള്ള നടപടി. എഡിജിപിയെ എന്തിന് മാറ്റിയെന്ന പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കിയത്. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെയാണ് നടപടി.

നേരത്തെ എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയിരുന്നു.എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണവും ഡിജിപി റിപ്പോര്‍ട്ടില്‍ തള്ളി.

പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. ഈ രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയാണ്. വന്‍ വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *