നികുതികളും ഇന്ധന സെസും കുറയ്ക്കില്ല; നികുതി വര്‍ധനയെ ന്യായീകരിച്ച് മന്ത്രി ബാലഗോപാല്‍

ബജറ്റില്‍ പ്രഖ്യാപിച്ച നികുതികളും ഇന്ധനസെസും കുറച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നികുതി വര്‍ധനയെ ന്യായീകരിച്ചു കൊണ്ടാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറഞ്ഞത്.

നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. സമരം കിടന്ന് കുറപ്പിച്ചെന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളില്‍ കുറക്കുമെന്ന സൂചനകളുണ്ടായതാണ് യു ഡി എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാല്‍ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണ്. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്നമാണ് കട്ടപ്പുറത്താവുക.

വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കിയല്ല ചെലവ് ചുരുക്കേണ്ടത്. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ്. പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങുന്നത്. കാലോചിതമായ മാറ്റമാണ് ഇതില്‍ വരുത്തിയിട്ടുള്ളത്.

മദ്യത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. 1000 രൂപക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *