ധനപ്രതിസന്ധി സഭയിൽ: സർക്കാരിനെതിരെ വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയിലാണ് പ്രതികരണം. കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ തിരിച്ചടിച്ചു.

മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയില്‍ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയില്‍ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തെറ്റായ പ്രചരണം നടത്തിയാല്‍ അതിന്റെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാര്‍ക്കുമാണെന്ന് ധനമന്ത്രി മറുപടിയില്‍ പറഞ്ഞു. ശരിയായി വിവരം ജനങ്ങളില്‍ എത്തിക്കാന്‍ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിന് മുകളില്‍ ബില്ല് മാറുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ധനകാര്യ മാനേജ്‌മെന്റില്‍ വീഴ്ചയുണ്ട്. പദ്ധതി പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. വികസന പ്രക്രിയകളും പ്രതിസന്ധിയിലാണ്. സമഗ്ര മേഖലയിലും മരവിപ്പുണ്ട്. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട ജിഎസ്ടി എല്ലാം കിട്ടുന്നുണ്ട്. എന്നിട്ടും പ്രതിസന്ധിയുണ്ടാകുന്നത് സംസ്ഥാനത്തെ ധനകാര്യ നയത്തിലെ വീഴ്ച കൊണ്ടാണ്. കാരുണ്യ ധനസഹായം പോലും മുടങ്ങുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

വെല്ലുവിളികള്‍ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്ന് വ്യക്തമാക്കുകയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് ടി ഐ മധുസൂദനന്‍ എംഎല്‍എ പറഞ്ഞു. എന്തിനും ഏതിനും ബിജെപി ഡീല്‍ പ്രതിപക്ഷം ആരോപിക്കുന്നു. ഡീല്‍ ഉണ്ടെങ്കില്‍ കേന്ദ്ര നിലപാട് ഇതാകുമോ? കേന്ദ്ര നയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന സമ്പദ്ഘടന വിലയിരുത്തിയ 2022 -23 ലെ സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ബാധ്യത തന്നെയെന്ന് വ്യക്തമാക്കുന്നു. ഓഫ് ബജറ്റ് കടമെടുപ്പുകള്‍ എന്ന് വിശേഷിപ്പിച്ചാണ് കിഫ്ബി വായ്പ പരാമര്‍ശിക്കുന്നത്. തിരിച്ചടവ് ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണ്. ഇതില്‍ 44 സ്ഥാപനങ്ങളുടെ തനി മൂല്യം നെഗറ്റീവായി. പൊതുമേഖല സ്ഥാപനങ്ങള്‍ വഴി 8058.91 കോടി രൂപ കടമെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *