മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

മലപ്പുറം: പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം. മലപ്പുറം മൈലാടി വെള്ളൂർ റോഡിൽ ഇന്ന് ഉച്ചയ്‌‌ക്ക് 2.30ഓടെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്‌ക്കാൻ ശ്രമിക്കുകയാണ്. 90 ശതമാനത്തോളം തീ നിയന്ത്രണവിധേയമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്.

മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലാണ് തീപിടിച്ചത്. മാലിന്യത്തിന് മുകളിലൂടെ ഇലക്‌ട്രിക് ലൈൻ കടന്നുപോയിരുന്നു. ഈ ഇലക്‌ട്രിക് ലൈനിൽ നിന്നാണ് തീ ഉണ്ടായത്. തീ സമീപത്തുള്ള തെങ്ങിലെ ഓലയിലേക്ക് പടർന്നു. കത്തിയ ഓല മാലിന്യത്തിന് മുകളിലേക്ക് വീണ് തീ പടരുകയായിരുന്നു.

മലപ്പുറത്ത് നിന്നുള്ള രണ്ട് ഫയർഫോഴ്‌സ് സംഘമെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോഴും പരിസരത്ത് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. സമീപത്ത് ആൾത്താമസമുള്ള വീടുകളുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ഗന്ധം അറിഞ്ഞാണ് സ്ഥലത്ത് തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞതെന്ന് അവർ പറഞ്ഞു.