മുഖ്യമന്ത്രിക്കു വേണ്ടികിം ഇൽ സുങ് മാതൃക:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : ഉത്തര കൊറിയയിലെ ഏകാധിപതി കിം ഇൽ സുങിനെ മാധ്യമപ്രചരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പി.ആർ. ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക്ക് റിലേഷനും, പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു.
കേരള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമ്മിതിക്കായി നിയമിച്ച പി.ആർ. ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർദ്ധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാ യാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.
ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപ്പറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും, കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലെ സി.പി.എം ഭരണത്തിൽ ഇപ്പോൾ പിന്തുടരുതെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
രാഷ്ട്രീയ മുതലെടുപ്പിന് സമൂഹത്തിൽ വർഗ്ഗീയ വിഭജനമുണ്ടാക്കുകയെന്ന സി.പി.എം അടവുനയം നടപ്പാക്കുന്നത് പി.ആർ. ഏജൻസികളാണ്. സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ഉപദേഷ്ടാക്കളും ഇവരാണ്.
കേരളസർക്കാരിന്റെ അംഗീകൃത പി.ആർ. ഏജൻസികൾക്കു പുറമെ, ചില ബഹുരാഷ്ട കുത്തക കമ്പനികളുടെ അധീനതയിലുള്ള ചില ഏജൻസികൾ പ്രതിഫലം പറ്റാതെ കേരള സർക്കാരിനും മുഖ്യമന്തിയ്ക്കും വേണ്ടി പി.ആർ പണി നടത്തുന്നുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക സംവിധാനമായ പബ്ലിക്ക് റിലേഷൻസ് വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് രാഷ്ട്രീയ നേട്ടത്തിനുള്ള വ്യാജ പ്രചരണം നടത്താനും പ്രലോഭനങ്ങളിലൂടെ മാധ്യമങ്ങളെ സ്വാധീനിക്കാനും വൻതുക മുടക്കി പി.ആർ. ഏജൻസികളെ നിയമിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ‘എൽ.ഡി.എഫ് വരും എല്ലാം ശരിയാകും, ‘എൽ.ഡി.എഫ് ഉറപ്പാണ് എന്നീ പരസ്യ മുദ്രാവാക്യങ്ങൾ കണ്ടെത്തിയത് ഒരു പ്രസിദ്ധ പരസ്യ കമ്പനിയാണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പ്രത്യുപകാരമായി സർക്കാരിന്റെ പ്രചരണദൗത്യങ്ങൾ ഈ കമ്പനിയെ ഏല്പിച്ചതും മുഖ്യമന്ത്രിക്കും സർക്കാരിനും വിനയായി മാറിയിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.