മതം മാറാന്‍ നിര്‍ബന്ധിച്ചു; പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍

എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയായ 23 കാരി സോന എല്‍ദോസ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന ആണ്‍സുഹൃത്തിന്റെ പറവൂരിലെ വീട്ടിലെത്തിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
”ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷെ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെ”ന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
”മതം മാറാന്‍ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസില്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞു. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാന്‍ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം” എന്ന് സോന ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ആണ്‍സുഹൃത്ത് റമീസ്. സോനയും റമീസും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍, സോനയുടെ കുടുംബത്തിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഉപദ്രവിച്ചതിനും കുറ്റം ചുമത്തുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.