മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയില്‍ നല്കിയ മൊഴി പുറത്ത്

കൊല്ലം: ഗണേശ് കുമാറിന് തന്നോട് അകല്‍ച്ചയുണ്ടായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയില്‍ നല്കിയ മൊഴി പുറത്ത്. തന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കേണ്ടിവന്ന ഗണേശ് കുമാറിന് തിരികെ മന്ത്രിയാവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തന്നോട് അകല്‍ച്ചയുണ്ടായിരുന്നുവെന്ന് 2018ല്‍ കൊട്ടാരക്കര കോടതിയില്‍ നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേസില്‍ സത്യാവസ്ഥ തെളിയണമെന്നും പുറത്തുവന്ന കത്തില്‍ നാലുപേജ് കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്നും ആവശ്യപ്പെട്ട് മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ കൂടിയായ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു മൊഴിരേഖപ്പെടുത്തിയത്.
അഞ്ച് പേജുകളുള്ള മൊഴിപകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. 2011 മേയ് 18ന് താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ തന്റെ മന്ത്രിസഭയില്‍ ഗണേശ്കുമാര്‍ വനം -പരിസ്ഥിതി മന്ത്രിയായിരുന്നുവെന്നും കുടുംബപരമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതതിനെ തുടര്ന്ന്ഗണേശ് കുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുകയും തുടര്‍ന്ന് ഗണേശ് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നുമെന്നുമാണ് മൊഴിപ്പകര്‍പ്പിന്റെ ആദ്യഭാഗങ്ങളില്‍ പറയുന്നത്.പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാകുകയും ഗണേശിന് മന്ത്രിസഭയില്‍ തിരികെ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും പിന്നീട് പലകാരണങ്ങളാല്‍ അത് സാധിക്കാതെ പോവുകയും അന്ന് മുതല്‍ തന്നോട് ഗണേശിന് അകല്‍ച്ച ഉണ്ടായിരുന്നതായാണ് മൊഴിയിലുള്ളത്. കത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ഹര്‍ജി 25ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് മൊഴിപ്പകര്‍പ്പ് പുറത്തുവന്നത്.