ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നാരോ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയായിരുന്നു ആബെയ്ക്കു വെടിയേറ്റത്. വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന 41കാരനെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാരോ സ്വദേശിയായ തെത്സുയ യമഗാമി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും, ചികിത്സയില്‍ ശുഭകരമായ സൂചനകള്‍ കാണിക്കുന്നില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതമുണ്ടായത്.