വി ഡി സതീശന്റെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയുമായി മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 

കൊല്ലം: വി ഡി സതീശന്റെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയുമായി മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്ത് എത്തി.ഏതെങ്കിലും ഒരു യുഡിഎഫുകാരന്‍ ഈ നിയമസഭയില്‍ ആര്‍എസ്‌എസ് പിന്തുണയില്‍ എത്തിയിട്ടുണ്ടോ എന്ന വി ഡി സതീശന്റെ നിയമസഭയിലെ ചോദ്യത്തിന് മറുപടി.

സഭയില്‍ പ്രതിപക്ഷ നേതാവിന്റെ തൊട്ടു പുറകില്‍ ഇരിക്കുന്ന വിഷ്ണുനാഥ് എങ്ങനെയാണ് സഭയില്‍ എത്തിയത് എന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ മറുചോദ്യം. ബിജെപിയുടെ വോട്ടിലുണ്ടായ കുറവിനെക്കുറിച്ച്‌ പഠിക്കാന്‍ പാഴൂര്‍ പടിവരെ പോയി ഗവേഷണം നടത്തേണ്ടതില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

വി ഡി സതീശന്‍ രണ്ട് പ്രാവശ്യം നിയമസഭ കണ്ടത് ആര്‍എസ്‌എസുകാരുടെ പിന്തുണയോടെയാണെന്ന് ആര്‍എസ്‌എസ് നേതാവായ ആര്‍ വി ബാബു വെളിപ്പെടുത്തിയതായി മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ചു. ഇതിന് മറുപടി പറയാന്‍ പ്രയാസപ്പെടുന്ന പ്രതിപക്ഷ നേതാവ് നുണകളുടെ കെട്ടുമായാണ് നിയമസഭയില്‍ പ്രകടനം നടത്തിയത്. 1977ല്‍ ആര്‍എസ്‌എസുകാരുടെ സഹായത്തോടുകൂടിയായിരുന്നു പിണറായി വിജയന്‍ നിയമസഭയില്‍ എത്തിയത് എന്ന കണ്ടുപിടിത്തം പൊലിപ്പിക്കാനാണ് ആര്‍എസ്‌എസ് പിന്തുണയില്‍ എത്തിയ ഏതെങ്കിലും യുഡിഎഫുകാരന്‍ ഈ നിയമസഭയില്‍ ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്ന് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.

‘കുണ്ടറയില്‍ 15% വോട്ട് ബിജെപിക്കുണ്ടായിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ചത് 3.9% മാത്രമാണ്. ബിജെപിയുടെ വോട്ട് എങ്ങോട്ടാണ് പോയത്? പാഴൂര്‍ പടി വരെ പോയി ഗവേഷണം നടത്തേണ്ടതില്ല. നുണ പറയുന്നതിനും എന്തും വിളിച്ചു പറയാന്‍ അസംബ്ലി വേദി ഉപയോഗിക്കുന്നതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണ്’, മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കുണ്ടറയിലെ തോല്‍വിയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് അടക്കമുള്ള നേതാക്കളില്‍ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാഞ്ഞതാണ് കുണ്ടറയില്‍ ജെ മേഴ്സികുട്ടിയമ്മയുടെ പരാജയത്തിന് കാരണമായത് എന്നായിരുന്നു കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎം കണ്ടെത്തിയിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *