പതിനാറുകാരിയെ ലോഡ്‌‌ജിൽ പീഡിപ്പിച്ച കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ പ്രതിയെ ഇന്നലെ രാത്രിയോടെയാണ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വർഷം സെപ്‌‌തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തുവച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു. ചേവായൂർ സ്റ്റേഷനിലായിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത്. പിന്നീട് കേസ് നിലമ്പൂരിലേക്ക് മാറ്റുകയായിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഫിലിപ്പ് മമ്പാട് കൗമാരക്കാർക്ക് കൗൺസിലിംഗും ട്രെയിനിംഗും നൽകുന്ന ഇൻഫ്ളുവൻസറായാണ് അറിയപ്പെടുന്നത്. നിലവിൽ പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.