മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

മുതിര്‍ന്ന തൃണമൂല്‍ നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് അന്തരിച്ചു. 71 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് മുകുള്‍ റോയ്. ഡിമെന്‍ഷ്യ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച മുകുള്‍ റോയ് 1998-ല്‍ മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാര്‍ട്ടിയെ ദേശീയ തലത്തില്‍ വളര്‍ത്താനുള്ള ദൗത്യം മമത ഏല്‍പ്പിച്ചത് മുകള്‍ റോയിയെ ആയിരുന്നു.

2006-ല്‍ രാജ്യസഭാംഗമായ അദ്ദേഹം രണ്ടാം യുപിഎ സര്‍ക്കാരില്‍ തുറമുഖ-കപ്പല്‍ വകുപ്പ് സഹമന്ത്രിയായി. 2012 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചു. ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലും നാരദ സ്റ്റിങ് ഓപ്പറേഷനിലും ഉള്‍പ്പെട്ടതോടെ മുകുള്‍ റോയിയെ മമത ബാനര്‍ജി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

പിന്നാലെ, 2017-ല്‍ ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം എന്നീ പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ ബിജെപിയില്‍ എത്തിച്ചു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിന് പിന്നില്‍ മുകുള്‍ കരുനീക്കങ്ങളായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് വിജയിച്ചെങ്കിലും, മമത ഭരണം നിലനിര്‍ത്തിയതോടെ വീണ്ടും തൃണമൂലിലേക്ക് മടങ്ങിയെത്തുകയായിരുന്നു.