വിമാനാപകടത്തില്‍ കാണാതായ കൈക്കുഞ്ഞ് ഉള്‍പ്പെടെ നാല് കുരുന്ന് സഹോദരങ്ങളെ നാല്‍പ്പത് ദിവസത്തിന് ശേഷം കണ്ടെത്തി

ലെസ്ലി ജാക്കോബോംബെയ്ര്‍ ( 13 ), സോളിനി ( 9 ), ടിയന്‍ ( 4 ) ക്രിസ്റ്റിന്‍ (1) എന്നിവരെ അപകടസ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ആഹാരക്കുറവു മൂലം ക്ഷീണതിരായ കുട്ടികളുടെ മുഖത്താകെ കീടങ്ങള്‍ കടിച്ച് നീരുകെട്ടിയിരുന്നു.

കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത കുട്ടികളെ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂര മൃഗങ്ങളും വിഷപ്പാമ്പുകളും ഇരുട്ടും കൊടും തണുപ്പും നിറഞ്ഞ ആമസോണ്‍ മഴക്കാടുകളില്‍ അലഞ്ഞ പിഞ്ചുകുഞ്ഞുങ്ങളെ നീണ്ട രക്ഷാ ദൗത്യത്തിലാണ് കണ്ടെത്തിയത്. മേയ് 1ന് വിമാനാപകടം നടക്കുമ്പോള്‍ ഇളയകുട്ടിക്ക് 11 മാസമായിരുന്നു പ്രായം.

അവന്റെ ഒന്നാം പിറന്നാള്‍ കൊടും വനത്തില്‍കൊളംബിയയിലെ ആമസോണസ് പ്രവിശ്യയിലെ അരാരകുവാരയില്‍ നിന്ന് സാന്‍ ജോസ് ഡെല്‍ ഗുവാവിയാരെയിലേക്ക് പുറപ്പെട്ട സെസ്‌ന 206 ചെറുവിമാനം വനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.വിമാനാവശിഷ്ടങ്ങള്‍ മേയ് 15ന് സൈന്യം കണ്ടെത്തി. പൈലറ്റ് കുട്ടികളുടെ അമ്മ മഗ്ദലീന മകൂറ്റൈ വാെലെന്‍ഷ്യയും (33) ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടി. കുട്ടികള്‍ അപ്രത്യക്ഷരായിരുന്നു.

ഓപ്പറേഷന്‍ ഹോപ്പ്

ആകാശം പോലും കാണാത്ത, മരണം പതിയിരിക്കുന്ന വനത്തില്‍ രക്ഷാ ദൗത്യം എളുപ്പമായിരുന്നില്ല. ഓപ്പറേഷന്‍ ഹോപ്പ് എന്ന രക്ഷാദൗത്യത്തില്‍ 160 സൈനികരും തെരച്ചില്‍ നായകളും കാടിന്റെ ഉള്ളറിയുന്ന 70 ഗോത്രവര്‍ഗക്കാരും കാട് അരിച്ചു പെറുക്കി. കുട്ടികളുടെ കാല്‍പ്പാടുകളും പാതി കഴിച്ച പഴങ്ങളും, പാല്‍ക്കുപ്പി, കത്രിക, ഹെയര്‍ ടൈ എന്നിവയും താത്കാലിക താമസസ്ഥലവും മൊബൈല്‍ ഫോണിന്റെ ലോഹഭാഗവും കണ്ടെത്തി.

അതോടെ കുട്ടികള്‍ ജീവനോടെ ഉണ്ടെന്നും നിബിഡ വനത്തിലൂടെ അലയുകയാണെന്നും ഉറപ്പിച്ചു. ഹെലികോപ്റ്ററുകളില്‍ ഭക്ഷണപ്പൊതികളും വെള്ളവും വനത്തില്‍ നിക്ഷേപിച്ചു. മുത്തശ്ശി ഫാത്തിമ വാലെന്‍ഷ്യയുടെ ശബ്ദത്തില്‍ ഹുയിറ്റോറ്റോ ഭാഷയില്‍ റെക്കോഡ് ചെയ്ത സന്ദേശങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്ന് കാടിന്റെ അങ്ങോളമിങ്ങോളം കേള്‍പ്പിച്ചു. സംഘത്തിലെ ഒരു നായയാണ് മണംപിടിച്ച് കുട്ടികളെ ആദ്യം കണ്ടെത്തിയത്.

ദൗത്യത്തിനിടെ കാണാതായ ഒരു നായയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.പരമ്പരാഗതമായ അറിവുകളാണ് അതിജീവനത്തിന് സഹായിച്ചത്. കാട്ടുപഴങ്ങളെ പറ്റിയുള്ള അറിവ് വിശപ്പകറ്റി. അമ്മ ജോലിക്ക് പോകുമ്പോള്‍ മൂന്ന് സഹോദരങ്ങളെയും പരിചരിച്ചത് മൂത്തകുട്ടിയായിരുന്നു. ഇതും അതിജീവനത്തിന് സഹായിച്ചു.കുട്ടികളെ കണ്ടെത്തിയ വിവരം രാജ്യത്തെ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇന്നലെ പുറത്തുവിട്ടത്. കുട്ടികളെ കണ്ടെത്തിയെന്ന് അബദ്ധത്തില്‍ ട്വീറ്റ് ചെയ്തതിന് കഴിഞ്ഞമാസം പെട്രോയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *