ഉദ്ഘാടനം കഴിഞ്ഞു നാലുമാസമായിട്ടും നീലിമല പാതയില്‍ കരിങ്കല്ല് നിരന്നില്ല

ഉദ്ഘാടനം കഴിഞ്ഞു 4 മാസം പിന്നിട്ടിട്ടും നീലിമല പാതയില്‍ കരിങ്കല്ല് പാകുന്ന പണികള്‍ എങ്ങുമെത്തിയില്ല. അപ്പാച്ചിമേട് മധ്യഭാഗം, മുകള്‍ ഭാഗം, ശരംകുത്തി പാതയില്‍ ക്യു കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.10 കോടി രൂപ ചെലവില്‍ ദേവസ്വം ബോര്‍ഡ് ഒന്നര വര്‍ഷം മുന്‍പാണു പണി തുടങ്ങിയത്. കഴിഞ്ഞ തീര്‍ഥാടനത്തിനു മുന്‍പു പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പണിതീരും മുന്‍പു നവംബര്‍ 17ന് ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം കഴിഞ്ഞതിനാല്‍ ബാക്കി പണിനടത്താന്‍ കരാറുകാരനും താല്‍പര്യമില്ല. കരാറുകാരനെ വരുത്തി പണി തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡും താല്‍പര്യം കാണിക്കുന്നില്ല. മൂന്നിടത്താണു പ്രധാനമായും നിര്‍മാണം മുടങ്ങിയത്. അപ്പാച്ചിമേട് മധ്യഭാഗത്തെ കയറ്റം, അപ്പാച്ചിമേട് മുകള്‍ ഭാഗത്തെ ജല സംഭരണിക്കും ശബരിപീഠത്തിനും മധ്യേയുള്ള കയറ്റം എന്നിവിടങ്ങളിലാണ് ഇനിയും പണി നടക്കാനുള്ളത്. ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സന്നിധാനത്തേക്കു മലകയറുന്ന നീലിമല പാതയില്‍ പണി മുടങ്ങി കിടക്കുന്നതു തടസ്സം ഉണ്ടാക്കുന്നു.
അവിടെ പണിക്കുള്ള കരിങ്കല്ല് ഇറക്കിയിട്ടിട്ടുണ്ട്. അപകടം ഉണ്ടാകാതിരിക്കാന്‍ ബാരിക്കേഡ് കെട്ടി തിരിച്ചിട്ടുണ്ട്. അപ്പാച്ചിമേട് മധ്യഭാഗത്ത് 18 മീറ്റര്‍ ദൂരത്തിലാണ് ഇനിയും തീരാനുള്ളത്. അപ്പാച്ചിമേട് കയറ്റത്തിന്റെ മുകള്‍ ഭാഗത്ത് 40 മീറ്റര്‍ ദൂരത്തിലും പണി നടക്കാനുണ്ട്. അതേസമയം, പണി തീര്‍ന്ന സ്ഥലങ്ങളില്‍പ്പോലും വൃത്തിയില്ലെന്നും പരാതിയുണ്ട്. പമ്പയില്‍ നിന്നുള്ള ആദ്യത്തെ വളവില്‍ പാകിയ കരിങ്കല്ല് ഇളകി കിടക്കുന്നു. ഇതില്‍ അറിയാതെ ചവിട്ടുന്ന അയ്യപ്പന്മാര്‍ വീഴുന്നുണ്ട്.
മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേ ക്യു കോംപ്ലക്‌സിന്റെ ഭാഗത്തും പണി ബാക്കിയാണ്. കല്ല് ക്യുകോംപ്ലക്‌സിന്റെ ഭിത്തിയില്‍ ചാരിവച്ചിരിക്കുകയാണ്. ഭാഗിക ബില്ലു നല്‍കിയിട്ട് മാറി നല്‍കാത്തതാണു പണി നിര്‍ത്തിവയ്ക്കാന്‍ കാരണമായി കരാറുകാരന്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി വന്ന ശേഷം ദേവസ്വം ബോര്‍ഡ് കരാറുകാരുടെ ബില്ലുകള്‍ ഒന്നും മാറി നല്‍കുന്നില്ല.നീലിമല പാതയുടെ പണി മുടങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പണി തീര്‍ക്കാന്‍ കരാറുകാരനോട് ആവശ്യപ്പെടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു.