ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിച്ച് പ്രതികള്‍, ബില്ലില്‍ ബാര്‍കോഡ് ഉള്‍പ്പെടുത്തില്ല

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് പ്രതികള്‍. തെളിവെടുപ്പിനിടെ ‘ഓ ബൈ ഓസി’യിലെ മുന്‍ ജീവനക്കാരികള്‍ തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. മെഷീന്‍ ഉപയോഗിച്ചുള്ള ക്യു ആര്‍ കോഡ് കൃത്രിമം റീ-ക്രിയേറ്റ് ചെയ്തു. വിനീത, രാധകുമാരി എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ല. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോള്‍ വില നിശ്ചയിച്ച് ദിയ മറുപടി നല്‍കുമെന്നും ജീവനക്കാരികള്‍ പറയുന്നു. യഥാര്‍ത്ഥ വില അറിയുന്നതിനുള്ള ബാര്‍കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ആഭരണം വാങ്ങിയ ജ്വല്ലറി, ദിയയുടെ കവടിയാറിലെ ഫ്‌ലാറ്റ്, സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

അതേസമയം, മുന്‍ ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപ തട്ടിച്ചുവന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതി ദിവ്യയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.