സൗജന്യ യാത്ര വിവാദം: പുരുഷന്മാരുടെ പ്രതിഷേധത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയ്‌ക്കെതിരായ മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിനും വിമർശനത്തിനും മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമായി തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണ്. അവർ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ടല്ലോ. താനൊരു പുരുഷ വിരോധിയൊന്നുമല്ല. പക്ഷേ സ്ത്രീകളുടെ കയ്യിലാണെങ്കിൽ മിച്ചം വരുന്ന പൈസ നേരെ വീട്ടിലെത്തും. എന്നാൽ പുരുഷന്മാരാണെങ്കിൽ കുറച്ചുപേർ മാത്രമേ ഈ പൈസ വീട്ടിൽ കൊടുക്കൂ. ബാക്കി തുക എവിടെപ്പോകും? അത് പലവഴിക്ക് തിരിഞ്ഞ് ഒടുവിൽ സർക്കാരിന് തന്നെ നികുതിയായി തിരികെ കിട്ടും.”- മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു.അതേസമയം, സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണെന്നും അവർ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവർക്ക് മുന്നോട്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുനൽകും. പൊതുഗതാഗത സംവിധാനം മെച്ചപ്പെട്ടാൽ സ്വകാര്യ വാഹന ഉപയോഗവും നിരത്തുകളിലെ തിരക്കും കുറയ്ക്കാനാകും. ഇതിനായി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുള്ള സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് ഈ പദ്ധതി ആശ്വാസമാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറെട്ടെയെന്നും ആശംസിച്ചു. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.