സൗജന്യ യാത്രാ ടിക്കറ്റ് ഇനി സമ്മാനവും നൽകും; പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന ‘സീറോ’ ടിക്കറ്റ് കളയാതെ സൂക്ഷിച്ചുവച്ചോളൂ, സമ്മാനം പിറകേ വരും! സീറോ ടിക്കറ്റ് നമ്പറുകൾ നറുക്കിട്ട് സമ്മാനം നൽകുന്ന പദ്ധതി ഗതാഗത വകുപ്പ് ആലോചിക്കുകയാണ്. ഇന്നലെ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടന വേളയിൽ ടിക്കറ്റുകൾ കളയരുത് എന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞതിനു പിന്നിലെ രഹസ്യം ഇതാണ്.
ടിക്കറ്റ് മെഷീനിലെ പേപ്പർ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്. ഇത് പരിഹരിക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് നല്ലൊരു വരുമാനം കൂടി ലഭിക്കാൻ ടിക്കറ്റിന് പിന്നിൽ പരസ്യം പതിക്കും. ഈ പരസ്യദാതാവു തന്നെ സമ്മാനവും സ്പോൺസർ ചെയ്യുന്ന തരത്തിലാണ് ആലോചന.ടിക്കറ്റ് സ്ത്രീകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ പരസ്യം വീടുകളിലേക്കു കൂടി എത്തുമെന്നതാണ് മാർക്കറ്റിംഗ് തന്ത്രം. ഇത് പരസ്യദാതാവിനും നേട്ടമാകും.
പരസ്യം ടിക്കറ്റുകളിൽ അച്ചടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ഉടൻ ടെൻഡർ ക്ഷണിക്കും. കൂടുതൽ തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകും.88 വർഷം പിന്നിട്ട സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ബസ് സർവീസിൽ ആദ്യമായാണ് വനിതകൾക്ക് സൗജന്യയാത്ര ലഭിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലായി 3125 ബസുകളിലാണ് വനിതകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നത്.